Quora-യുടെ ആവശ്യകത എന്താണ്

ലോകവിജ്ഞാനം പങ്കിടുകയും വളർത്തികൊണ്ടുവരികയു‌മാണ് Quora- യുടെ ദൗത്യം. അനേകമാളുകൾക്ക് പ്രയോജനപ്പെടുന്ന ധാരാളം അറിവുകൾ നിലവിൽ വളരെ കുറച്ചുപേർക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ — അവ ഒന്നുകിൽ ആളുകളുടെ തലയിൽ അടച്ചു സൂക്ഷിച്ചിരിക്കുന്നു, അല്ലെങ്കിൽ ചുരുക്കം ചില ആളുകൾക്കേ അവ പ്രാപ്യമായിട്ടുള്ളൂ. അറിവ് ഉള്ളവരെ അത് ആവശ്യം ഉള്ളവരുമായി ബന്ധിപ്പിക്കാനും വിഭിന്ന വീക്ഷണങ്ങൾ ഉള്ളവരെ ഒന്നിച്ചു കൊണ്ടുവന്ന് അന്യോന്യം മനസ്സിലാക്കാൻ സഹായിക്കാനും ലോകത്തുള്ള മറ്റാളുകളുടെ പ്രയോജനത്തിനായി തങ്ങളുടെ അറിവ് പങ്കുവെയ്ക്കാൻ ഏവരെയും പ്രാപ്തരാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

ഒരു ചോദ്യം സംബന്ധിച്ച് ചർച്ച ചെയ്യുക

ലോകത്തെ ബാധിക്കുന്ന ചോദ്യങ്ങൾ, ആനുകാലിക ആഗോള സംഭവങ്ങൾ വിവരിക്കുന്ന ചോദ്യങ്ങൾ, നിർണ്ണായക ജീവിത തീരുമാനങ്ങളിലേക്ക് നയിക്കുന്ന ചോദ്യങ്ങൾ, ഒപ്പം മറ്റ് ആളുകൾ എന്തുകൊണ്ടാണ് വ്യത്യസ്‌തമായി ചിന്തിക്കുന്നത് എന്നതിലേക്ക് ഉൾക്കാഴ്‌ചകൾ പ്രദാനം ചെയ്യുന്ന ചോദ്യങ്ങൾ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് Quora-യുടെ പ്രധാന സവിശേഷത. നിങ്ങൾ കരുതൽ പുലർത്തുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നതിനും അതിശയകരമായ മറുപടികൾ നേടുന്നതിനും കഴിയുന്ന ഒരിടമാണ് Quora.

Quora-യ്ക്ക് ഓരോ ചോദ്യത്തിനും ഒരു ഭാഷ്യമേ ഉള്ളൂ. അതിന് ഒരു ഇടതുപക്ഷ ഭാഷ്യവും ഒരു വലതുപക്ഷ ഭാഷ്യവും ഒരു പാശ്ചാത്യ ഭാഷ്യവും ഒരു പൗരസ്ത്യ ഭാഷ്യവും ഇല്ല. ഒരേ ചോദ്യത്തിന് ഒരേ സ്ഥലത്ത് ഉത്തരം നൽകുന്നതിനും ഓരോരുത്തരിൽ നിന്നും അന്യോന്യം പഠിക്കുന്നതിനും ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ആളുകളെ Quora ഒരുമിപ്പിക്കുന്നു. Quora നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഒരു ഇടമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം സംവാദങ്ങൾ നടക്കുന്നത് Quora-യിലാണ്. Quora-യുടെ ഉത്തരം എല്ലാവർക്കും എന്നേക്കുമുള്ള ആധികാരിക ഉത്തരമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ലോകത്തെയും അതിലെ ആളുകളെയും മനസ്സിലാക്കുക

Quora-യിലെ ഉള്ളടക്കം നിങ്ങൾക്ക് മികച്ച വായനാനുഭവം നൽകുന്നവയാണ്. നമുക്ക് ചുറ്റുമുള്ള ലോകം എന്തുകൊണ്ടാണ് ഇപ്പോഴുള്ള രീതിയിൽ പ്രവർത്തിക്കുന്നതെന്നും ആളുകൾ എന്തുകൊണ്ടാണ് ഇപ്പോഴുള്ള രീതിയിൽ പെരുമാറുന്നതെന്നും ഈ ലോകം മികച്ചതാക്കാൻ നമുക്കെന്ത് ചെയ്യാനാകുമെന്നും മനസ്സിലാക്കാൻ Quora നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ ചോദിക്കേണ്ടതായിരുന്നെന്ന് തിരിച്ചറിയാതിരുന്ന ചോദ്യങ്ങൾക്ക് ഉൾക്കാഴ്ചയോടെയുള്ള ഉത്തരങ്ങളുടെ ഒരു വ്യക്തിഗത ഫീഡ് Quora നൽകുന്നു.

പ്രശ്‌നങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന, അവ സംബന്ധിച്ച് പ്രത്യക്ഷമായ അറിവ് കൈവശമുള്ള ആളുകളിൽ നിന്നുള്ളവയാണ് Quora-യിലെ ഉത്തരങ്ങൾ. ഇറാനുമായുള്ള കരാറിനെക്കുറിച്ച് ഒബാമയുടെ കാഴ്‌ചപ്പാട്, തടവറയിലെ തടവുപുള്ളികളുടെ ജീവിതം, ആഗോളതാപനത്തെക്കുറിച്ച് ശാസ്‌ത്രജ്ഞരുടെ കാഴ്‌ചപ്പാട്, കവർച്ചക്കാരെ എങ്ങനെ പിന്തിരിപ്പിക്കാം എന്നതിനെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കാഴ്‌ചപ്പാട്, ഒപ്പം തങ്ങളുടെ ടിവി ഷോകൾ എങ്ങനെ നിർമ്മിക്കുന്നു എന്നതിനെക്കുറിച്ച് നിർമ്മാതാക്കളുടെ അഭിപ്രായം എന്നിവയൊക്കെ വായിക്കുന്നതിനുള്ള ഇടമാണ് Quora. ഗ്ലോറിയ സ്‌റ്റീനം, സ്‌റ്റീഫൻ ഫ്രൈ, ഹിലാരി ക്ലിന്റൺ, ഗ്ലെൻ ബെക്ക്, ഷെറിൽ സാൻഡ്‌ബെർഗ്, വിനോദ് ഖോസ്‌ല, ഗിലിയൻ ആൻഡേഴ്‌സൺ തുടങ്ങിയ പ്രചോദനം പകരുന്ന ആളുകൾ, അവരിൽ നിന്ന് ഉത്തരങ്ങൾ വളരെയധികം ആഗ്രഹിക്കുന്ന ആളുകളുടെ ചോദ്യങ്ങൾക്ക് നേരിട്ട് നൽകുന്ന ഉത്തരങ്ങൾ വായിക്കുന്നതിനുള്ള ഇടമാണ് Quora. നിങ്ങൾക്ക് മറ്റ് മാർഗ്ഗങ്ങളിലൂടെ എത്തിച്ചേരാനാകാത്ത ആളുകളിൽ നിന്നുള്ള, മറ്റെവിടെയും പങ്കിട്ടിട്ടില്ലാത്ത അന്തർദർശനങ്ങൾ നിങ്ങൾക്ക് വായിക്കാനാകുന്ന ഒരിടം കൂടിയാണ് Quora.